ചെഗുവേര ചരിത്രം ഭാഗം 3






1954 ൽ ചെ മെക്സിക്കോ നഗരത്തിൽ എത്തി ,
അവിടെയുള്ള ജനറൽ ആശുപത്രിയിൽ
അലർജി വിഭാഗത്തിൽ ജോലിക്കായി ചേർന്നു.
ഇതു കൂടാതെ മെക്സിക്കോയിലെ നാഷണൽ
ഓട്ടോണമസ് സർവ്വകലാശാലയിൽ ക്ലാസ്സുകൾ
എടുക്കാൻ പോകുമായിരുന്നു. ഈ സമയത്തു
തന്നെ ലാറ്റിന ന്യൂസ് ഏജൻസിക്കുവേണ്ടി
ഛായാഗ്രാഹകന്റെ ജോലിയും ചെയ്തിരുന്നു.
ആഫ്രിക്കയിൽ
ഭിഷഗ്വരനായി ജോലി ചെയ്യുകയും ,
അവിടുത്തെ മോശം സാഹചര്യങ്ങളെയോർത്ത്
പ്രധാനമായി ദാരിദ്ര്യവും ,
രോഗപീഢയും അദ്ദേഹം വളരെയധികം ചിന്താകുലനായിരുന്നു
എന്ന് അദ്ദേഹത്തിന്റെ ആദ്യഭാര്യ താൻ എഴുതിയ
പുസ്തകത്തിൽ ഓർമ്മിക്കുന്നു.

 . പ്രായം ചെന്ന
ഒരു അലക്കുകാരിയോടുള്ള ചെ യുടെ ആദരം , ഈ
പുസ്തകത്തിൽ ഹിൽദ ഓർമ്മിക്കുന്നു.

"അവർ
യഥാർത്ഥ തൊഴിലാളി വർഗ്ഗത്തിന്റേയും ,
ചൂഷണത്തിനിരയാവുന്നവരുടേയും ഒരു
പ്രതിനിധി ആണെന്ന് "
എപ്പോഴും പറയുമായിരുന്നത്രെ.
ചൂഷണത്തിനിരയാവുന്നവർക്കും ,
തൊഴിലാളിവർഗ്ഗത്തിനും ഒരു നല്ല
ഭാവി പടുത്തുയർത്താനുള്ള പ്രതിജ്ഞ അടങ്ങുന്ന ഒരു
കവിത ചെ ഈ സ്ത്രീക്കു
വേണ്ടി സമർപ്പിച്ചിരുന്നതായും ഹിൽദയുടെ ഓർമ്മകളിൽ
പറയുന്നു."


ഇക്കാലയളവിൽ ഗ്വാട്ടിമാലയിൽ വച്ചു
പരിചയപ്പെട്ട ക്യൂബൻ
വിപ്ലവകാരികളുമായി ചെ ബന്ധം പുതുക്കിത്തുടങ്ങി.
അതിൽ , നിക്കോ ലോപസ് എന്നുള്ളയാൾ ഫിഡൽ
കാസ്ട്രോയുടെ സഹോദരനായ റോൾ
കാസ്ട്രോയെ പരിചയപ്പെടുത്തിക്കൊടുത്തു. ഇതു
വഴി ചെ , ഫിഡൽ കാസ്ട്രോയുമായി അടുത്തു. ഈ
സമയത്ത് ഫിഡൽ കാസ്ട്രോ , ക്യൂബയിൽ അമേരിക്ക
സൃഷ്ടിച്ച ഏകാധിപതിയായ
ഫുൾജെൻസിയോ ബാറ്റിസ്റ്റക്കെതിരേ സന്ധിയില്ലാത്ത
സമരത്തിലായിരുന്നു. അയാളെ അധികാരത്തിൽ
നിന്നും തൂത്തെറിയുകയായിരുന്നു ഫിഡലിന്റെ
ലക്ഷ്യം. കണ്ടുമുട്ടിയ ആദ്യ
രാത്രിയിലെ ദീർഘസംഭാഷത്തിനുശേഷം
ഫിഡലിന്റെ സംഘടനയായ ജൂലൈ 26മൂവ്മെന്റിൽ
ചെ അംഗമായി  .

ലോകം മാറ്റിമറിക്കാൻ
പോകുന്ന വിപ്ലവകരമായ സൗഹൃദം എന്നാണ്
ഇരുവരുടെയും ജീവചരിത്രമെഴുതിയ സൈമണ്ട് റെഡ്
ഹെൻട്രി ഈ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്
അമേരിക്ക ലോകത്താകമാനം പാവ
സർക്കാരുകളെ സൃഷ്ടിച്ചു വരുന്ന ഒരു സമയമായിരുന്നു.
ബാറ്റിസ്റ്റയുടെ ഭരണവും മറ്റൊന്നായിരുന്നില്ല.
ക്യൂബയിലും ബാറ്റിസ്റ്റയിലൂടെ അമേരിക്കയാണ്
ഭരണം നടത്തിയിരുന്നത്. ഈ പാവ
സർക്കാരിന്റെ നാഡീവ്യൂഹങ്ങൾ
അറുത്തെടുക്കണമെന്നതിൽ നിന്നും പിന്നോട്ട്
പോവേണ്ടതില്ല എന്ന തീരുമാനത്തിൽ
ചെ എത്തിച്ചേർന്നു.

മൂവ്മെന്റിന്റെ വൈദ്യവിഭാഗത്തിന്റെ ചുമതല
സ്വയം ഏറ്റെടുക്കുകയും ചെയ്തു.
ചെ അംഗങ്ങളോടൊപ്പം സൈനിക
പരിശീലനത്തിനു ചേർന്നു. പിന്നീട് ലോക
പ്രശസ്തമായ ഗറില്ലാ യുദ്ധ തന്ത്രങ്ങൾ
ഇവിടെ നിന്നാണ് ചെ പഠിക്കുന്നത്. കുന്നുകളിലും,
കാടുകളിലും, പുഴയിലും ഉള്ള അതി കഠിനമായ
പരിശീലനങ്ങളായിരുന്നു പിന്നീടുണ്ടായിരുന്നത്.
ഗ്രൂപ്പിന്റെ നേതാവായ
ആൽബർട്ടോ ബയോ യുടെ ഏറ്റവും നല്ല
വിദ്യാർത്ഥി എന്ന പ്രശംസ
കൂടി ചെ നേടിയെടുത്തു. നൽകിയ
എല്ലാ പരീക്ഷകളിലും ഒന്നാമനായി തന്നെയാണ്
ചെ വിജയിച്ചു കയറിയത്.


മെക്സിക്കോയിൽ നിന്നും , ക്യൂബയെ
ആക്രമിക്കാനായിരുന്നു ഫിഡലിന്റെ പദ്ധതി. ഒരു
പഴയ ബോട്ടിലാണ് അവർ
ക്യൂബയെ ലക്ഷ്യമാക്കി നീങ്ങിയത്. എന്നാൽ
ക്യൂബയിൽ ഇറങ്ങിയ ഉടൻ അവർ
ബാറ്റിസ്റ്റയുടെ സൈന്യത്താൽ
ആക്രമിക്കപ്പെട്ടു. കൂടെയുള്ളവർ,
കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തു.
പിടിക്കപ്പെട്ടവരെ പിന്നീട് വധശിക്ഷയ്ക്കു
വിധേയരാക്കി. ആ സംഘത്തിലെ 22 പേരാണ്
പിന്നീട് ജീവനോടെ ഉണ്ടായിരുന്നത്.  88
ഓളം പേർ കൊല്ലപ്പെട്ടു. ഇവിടെ വെച്ചാണ്
ചെ , തന്റെ മെഡിക്കൽ രംഗം കൈവിട്ട്
പകരം ആയുധം കൈയ്യിലെടുക്കുന്നത്. ഒരു
ഭിഷഗ്വരനിൽ
നിന്നും സായുധപോരാളിയിലേക്കുള്ള
മാറ്റം കൂടിയായിരുന്നു അത്.
വളരെ ചെറിയ ഒരു സംഘം മാത്രമാണ് പിന്നീട്
അവശേഷിച്ചത് , സിയറ മയിസ്ത്ര മലനിരകളിൽ
തമ്പടിച്ച് അവർ ആക്രമണം തുടർന്നു. ഫ്രാങ്ക്
പയസിന്റെ , ഗറില്ലാ സംഘങ്ങളിൽ
നിന്നും അവർക്ക് സഹായം ലഭിച്ചുകൊണ്ടിരുന്നു.
1957 ൽ ന്യൂയോർക്ക് ടൈംസിൽ ഹെർബർട്ട് മാത്യൂസ്
ഫിഡൽ കാസ്ട്രോയുമായി നടത്തിയ അഭിമുഖ
സംഭാഷണം പ്രസിദ്ധപ്പെടുത്തുന്നതുവരെ ലോകം വിശ്വസിച്ചിരുന്നത്
ഫിഡൽ കൊല്ലപ്പെട്ടു എന്നു തന്നെയാണ്. ഈ
അഭിമുഖ സംഭാഷണം ഫിഡലിനെയും
ഗറില്ലാസൈന്യത്തിനേയും കുറിച്ച് ജനങ്ങളിൽ
ഒരു തരം ആദരപൂർവ്വമായ അത്ഭുതമാണ് സൃഷ്ടിച്ചത്.
ഈ അഭിമുഖത്തിൽ ചെ പങ്കെടുത്തിരുന്നില്ല.
എന്നാൽ സമരമുന്നേറ്റങ്ങളിൽ മാധ്യമങ്ങൾക്കുള്ള
പങ്കിനേക്കുറിച്ച് ചെ പിന്നീട് ബോധവാനായി.
സംഘത്തിലെ അംഗങ്ങളെല്ലാം തന്നെ മാനസികമായും ശാരീരികമായും തളർന്നു.
കൂടാതെ കാട്ടിലുള്ള ചില
കൊതുകുകളുടെ ആക്രമണം മൂലം ശരീരത്തിനുണ്ടായ
അസുഖവും അവരെ തളർത്തി.


യൂദ്ധമുന്നണിയിലെ ഏറ്റവും വേദനാജനകമായ
ദിനങ്ങൾ എന്നാണ് ഈ ദിവസങ്ങളെ ചെ പിന്നീട്
വിശേഷിപ്പിച്ചത്..
സിയറ മയിസ്ത്ര മലനിരകളിൽ ഒളിച്ചു
താമസിക്കുമ്പോൾ ചെ ഒരു
കാര്യം മനസ്സിലാക്കി. ഈ മലനിരകളിൽ,
വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നൊന്നില്ല,
ആരോഗ്യസംരക്ഷണം പരിമിതമായേ ഉള്ളു. 40%
ത്തോളം ആളുകൾ നിരക്ഷരരാണ്. യുദ്ധം തുടരുമ്പോൾ
തന്നെ, ചെ ഈ
വിമതസൈന്യത്തിന്റെ ഒഴിവാക്കാൻ വയ്യാത്ത
ഒരു ഘടകമായി മാറി. ക്ഷമയും,
നയതന്ത്രവും കൊണ്ട് ഫിഡലിന്റെ
വിശ്വാസം നേടിയെടുത്തു. ചെ,
ഇവിടെ ഗ്രനേഡുകൾ നിർമ്മിക്കാൻ പണിശാലകൾ
നിർമ്മിച്ചു , ബ്രഡ്ഡുകൾ
ഉണ്ടാക്കാനായി അടുപ്പുകൾ പണിതു.
പുതിയതായി സൈന്യത്തിലേക്കു
വരുന്നവരെ ആക്രമണമുറകൾ പഠിപ്പിച്ചു.
എല്ലാത്തിലുമുപരിയായി, നിരക്ഷരരായ
ജനങ്ങളെ എഴുതാനും വായിക്കാനും പഠിപ്പിച്ചു.
ആരോഗ്യസംരക്ഷണത്തിനായി ചെറിയ
ആശുപത്രികൾ സ്ഥാപിച്ചു. മൂന്നു വർഷങ്ങൾക്കു
ശേഷം , ചെ ഫിഡലിന്റെ തലച്ചോറ് എന്ന്
വിശേഷിപ്പിക്കപ്പെട്ടു. സെക്കന്റ്
ആർമി കോളത്തിന്റെ കമ്മാണ്ടർ
ആയി ചെ ഗുവേരയെ ഫിഡൽ അവരോധിച്ചു.
സൈന്യത്തിലെ രണ്ടാം കമ്മാണ്ടർ
ആയി ചെ നിയോഗിക്കപ്പെട്ടതിനുശേഷം ,
അദ്ദേഹം തികഞ്ഞ ഒരു
സൈന്യാധിപനായി മാറി. സൈന്യത്തിൽ
നിന്നും മറ്റു കാരണങ്ങൾ കൊണ്ട്
ഒളിച്ചോടിയവരേയും ,
പിന്തിരിഞ്ഞവരെയും യാതൊരു
ദാക്ഷിണ്യവും കൂടാതെ വെടിവെച്ചു
കൊന്നുകളയാൻ ചെ മടിച്ചില്ല.



സംശയംതോന്നുന്നവരെ പിന്തുടരുവാൻ
ചെ തന്റെ വിശ്വസ്തരെ അയച്ചു. ചുരുങ്ങിയ
കാലം കൊണ്ടുതന്നെ ക്രൂരനായ ഒരു കമ്മാണ്ടർ എന്ന
ഒരു പേര് ചെയിൽ അവരോധിക്കപ്പെട്ടു.
ഒറ്റുകാരെയും, ഒളിച്ചോടിയവരെയും,
രഹസ്യങ്ങൾ
ചോർത്തുന്നവരെയും നിഷ്ക്കരുണം ചെ വധിച്ചിട്ടുണ്ട്.
 ഇത്തരത്തിൽ വധശിക്ഷയ്ക്കു വിധേയനാക്കിയ
ഒട്ടിമോ ഗുവേര എന്ന ഒറ്റുകാരന്റെ അവസാന
സമയത്തെക്കുറിച്ച് ചെ പിന്നീട്
തന്റെ ഡയറിക്കുറിപ്പുകളിൽ പറഞ്ഞിട്ടുണ്ട്. ഈ
കർഷകനായിരുന്ന ഒട്ടിമോ ,
ബാറ്റിസ്റ്റായുടെ സൈന്യത്തിൻ വിമത
സൈന്യത്തിന്റെ താവളങ്ങൾ
രഹസ്യമായി ചൂണ്ടിക്കാണിച്ചു കൊടുത്തു
എന്നതായിരുന്നു കുറ്റം. ഇയാളുടെ സൂചനകൾ
അനുസരിച്ച് ക്യൂബയുടെ വായുസേന ,
ഇത്തരം താവളങ്ങൾ ആക്രമിച്ചു
കീഴ്പെടുത്തുകയുണ്ടായി. വിചാരണവേളയിൽ
ഒട്ടിമോ കുറ്റം സമ്മതിച്ചു.

 . ഒട്ടിമോ ,
ചെ ഗുവേരയോട് അഭ്യർത്ഥിച്ചു

"എന്റെ ജീവിതം പെട്ടെന്ന്
തന്നെ അവസാനിപ്പിച്ചു തരു".

 ഈ
സംഭവത്തെക്കുറിച്ച് ചെ എഴുതുന്നു

" സന്ദർഭം അത്ര
സുഖകരമല്ലായിരുന്നു , ഞാൻ ഈ പ്രശ്നം പെട്ടെന്ന്
തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഒരു .32
തോക്ക് ഉപയോഗിച്ച്
അവന്റെ തലച്ചോറിന്റെ വലതുവശത്തായി ഞാൻ
നിറയൊഴിച്ചു. വലതു ടെംപറൽ ലോബിൽ അത് ഒരു
ദ്വാരം ഉണ്ടാക്കി.  ഒറു ഒറ്റുകാരന്റെ വധശിക്ഷ
എന്ന പേരിൽ പിന്നീട് ചെ ഒരു
പുസ്തകം എഴുതുകയുണ്ടായി
യുദ്ധമുന്നണിയിലുടനീളം വളരെ ക്രൂരനായ ഒരു
നേതാവായി ചിത്രീകരിക്കപ്പെട്ടിരുന്നുവെങ്കിലും ,
കിട്ടുന്ന ഇടവേളകളിൽ തന്റെ സൈനികർക്ക്
പുസ്തകങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുന്നതിൽ
ചെ ശ്രദ്ധാലുവായിരുന്നു. റോബർട്ട് ലൂയീസ്
സ്റ്റീവൻസന്റേയും , സെർവാന്റസിന്റേയും , ചില
സ്പാനിഷ് എഴുത്തുകാരുടേയും മറ്റും കവിതകളും
എല്ലാം തന്റെ സൈനികർക്ക്
വായിക്കാനായി ചെ നൽകിയിരുന്നു.


ഹൊസെ മാർട്ടിയുടെ അതിരുകളില്ലാത്ത
സാക്ഷരത എന്ന ആശയത്തിൽ
ചെ ആകൃഷ്ടനായിരുന്നു. നിരക്ഷരരായ
ജനങ്ങളെ അത്യാവശ്യം എഴുതാനും വായിക്കാനും പഠിപ്പിക്കാനായി തന്റെ സൈനികാംഗങ്ങളോട്
ചെ ആവശ്യപ്പെട്ടു.
ഇതിലൂടെ അജ്ഞതയ്ക്കെതിരേ ഒരു
യുദ്ധം കൂടി ചെ തുടങ്ങിവെച്ചു.
ഫിഡൽ കാസ്ട്രോയ്ക്ക് വളരെ പ്രിയപ്പെട്ട ഒരു
കമ്മാണ്ടർ ആയിരുന്നു ചെ. ബുദ്ധിമാനും ,
കഴിവുള്ളവനും ആയ ഒരു നേതാവ് എന്നാണ് ഫിഡൽ
ചെ ഗുവേരയെ വിശേഷിപ്പിച്ചിരുന്നത്.
തന്റെ സൈന്യത്തിന്റെ മാനസികമൂല്യങ്ങൾക്ക്
മുൻതൂക്കം നൽകുന്ന ഒരു ഓഫീസർ എന്നായിരുന്നു
ഫിഡൽ ചെ ഗുവേരയെക്കുറിച്ച്
അഭിപ്രായപ്പെട്ടത്.
ചെ ഗുവേരയുടെ ചങ്കൂറ്റത്തോടെയുള്ള നീക്കങ്ങൾ ,
ശത്രുസൈന്യത്തിന്റെ പോലും ആദരവ് പിടിച്ചു
പറ്റിയിരുന്നതായി അദ്ദേഹത്തിന്റെ ലെഫ്റ്റനന്റ്
ആയിരുന്ന ജോയൽ ഇഗ്ലെസിയാസ് ഓർക്കുന്നു.
യുദ്ധഭൂമിയിൽ മുറിവേറ്റു കിടക്കുന്ന
ജോയലിനെ സഹായിക്കാനായി ,
വെടിയുണ്ടകളെ പോലും വകവെക്കാതെ ഓടിയെത്തിയ
ചെ ഗുവേരയെ ജോയൽ ഓർക്കുന്നു.

Post a Comment

0 Comments